ടെലികോം മേഖലയ്ക്ക് ആശ്വാസം നൂറ് ശതമാനം വിദേശനിക്ഷേപത്തിന് അനുമതി
ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. ടെലികോം കമ്പനികള്‍ മുന്നോട്ടുവെച്ച രക്ഷാപാക്കേജിന്റെ ഭാഗമായി കൂടിയാണ് ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതോടെ പ്രത്യേക അനുമതിയില്ലാതെ കമ്പനികള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം സ്വീകരിക്കാം. നിലവില്‍ 49 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു അനുവദിച്ചിരുന്നത്.
ചൈന, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ബാധകമാകില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് 2020 ഏപ്രിലില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ചൈനയുമായുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്നായിരുന്നു ഇത്. വിദേശനിക്ഷേപ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത് വോഡാഫോണ്‍ ഐഡിയ ഉള്‍പ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കമ്പനികള്‍ക്ക് ആശ്വാസമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍